വാഷിംഗ്‌ടൺ ഡിസി: ലോകമെമ്പാടുമുള്ള മാനുഷിക, ദുരന്ത നിവാരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന കത്തോലിക്ക സന്നദ്ധ സംഘടനയായ കാത്തലിക് റിലീഫ് സർവീസസിന് (സിആർഎസ് ) 240 മില്യൺ ഡോളറിന്റെ സഹായം അനുവദിച്ച് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ജൂൺ 5നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം സ്റ്റേറ്റ് ഡിപ്പാർട്ടുമെൻറ് നടത്തിയത്. രാജ്യത്തു അകത്തും പുറത്തും സ്തുത്യർഹമായ വിധത്തിൽ സേവനം ചെയ്യുന്ന വിശ്വസനീയമായ സന്നദ്ധ സംഘടനകൾക്ക് ഭരണകൂടം സഹായം ലഭ്യമാക്കാറുണ്ട്.
ഇത്തരത്തിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നു ലഭ്യമാക്കുന്ന പുതിയ ഗ്രാന്റുകളുടെ പരമ്പരയിലെ ആദ്യത്തെ ഗഡുവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്ത നിവാരണ വിഭാഗമാണ് തുക ലഭ്യമാക്കിയിരിക്കുന്നത്. എത്യോപ്യ, ഹെയ്തി, നൈജീരിയ, സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയുൾപ്പെടെ വലിയ മാനുഷിക പ്രതിസന്ധികൾ നേരിടുന്ന രാജ്യങ്ങളിൽ കാത്തലിക് റിലീഫ് സർവീസസ് നടത്തുന്ന ജീവൻ രക്ഷാദൗത്യത്തിനു ഗ്രാൻ്റ് സഹായിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പ്രതീക്ഷ പ്രകടിപ്പിച്ചു.
കോംഗോയിൽ, അടുത്തിടെയുണ്ടായ എബോള വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ സംഘടന വലിയ തോതിൽ സഹായം ലഭ്യമാക്കുന്നുണ്ട്. അടിയന്തര സഹായം വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാൻറ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവഴി കാത്തലിക് റിലീഫ് സർവീസ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾക്കു പ്രതിസന്ധി ഘട്ടങ്ങളിൽ ഉടനടി പ്രതികരിക്കാൻ കഴിയുമെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെൻറ് പ്രതീക്ഷ പ്രകടിപ്പിച്ചു
The United States has provided $240 million in aid to Catholic Charities.






















